
ന്യൂഡൽഹി: രാജ്യത്തെ ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ മാതൃകാപരമായ തീരുമാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കാൻ അദ്ദേഹം നിർദേശം നൽകി. പശ്ചിമേഷ്യയിലെ യുദ്ധാവസ്ഥയെ തുടർന്നുണ്ടായ ഇന്ധന ക്ഷാമ സാധ്യതകൾക്കിടെ ജനങ്ങളോട് ഇന്ധന ഉപയോഗം നിയന്ത്രിക്കാൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അഭർത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തന്റെ സുരക്ഷാ വാഹന വ്യൂഹത്തിന്റെ എണ്ണം നേർപകുതിയാക്കി വെട്ടിക്കുറയ്ക്കാൻ മോദി നിർദ്ദേശം നൽകിയത്.
പ്രധാനമന്ത്രിയുടെ നിർദേശത്തെ തുടർന്ന് സുരക്ഷാ ചുമതലയുള്ള എസ്പിജി വാഹനങ്ങളുടെ എണ്ണം പുനഃക്രമീകരിക്കുന്ന നടപടികൾ ആരംഭിച്ചു. സുരക്ഷാ ക്രമീകരണങ്ങളിൽ വിട്ടുവീഴ്ചയില്ലാതെയായിരിക്കും വാഹനങ്ങളുടെ എണ്ണം ചുരുക്കുകയെന്നാണ് വിവരം. ഇതിനൊപ്പം സുരക്ഷാ വ്യൂഹത്തിൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുത്താനും പ്രധാനമന്ത്രി നിർദേശിച്ചു. പുതിയ വാഹനങ്ങൾ വാങ്ങുന്നതിനുപകരം നിലവിലുള്ള വാഹനങ്ങളെ ഇലക്ട്രിക് സംവിധാനത്തിലേക്ക് മാറ്റുന്ന സാധ്യതകളാണ് പരിശോധിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലേക്കും വകുപ്പുകളിലേക്കും ഇന്ധന നിയന്ത്രണ നടപടികൾ വ്യാപിപ്പിക്കാനുള്ള ആലോചനകളും പുരോഗമിക്കുകയാണ്. സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക വാഹന ഉപയോഗം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങളും ഉടൻ വന്നേക്കും.
ജനങ്ങളോട് ഇന്ധന ഉപഭോഗം കുറയ്ക്കാൻ ആവശ്യപ്പെടുമ്പോൾ നേതാക്കളുടെ അകമ്പടി വാഹനങ്ങൾ നിയന്ത്രിക്കാത്തതെന്തെന്ന വിമർശനം സാമൂഹിക മാധ്യമങ്ങളിൽ ശക്തമായിരുന്നു. അതിന് മറുപടിയായും പ്രധാനമന്ത്രിയുടെ പുതിയ തീരുമാനം വിലയിരുത്തപ്പെടുന്നു. പ്രധാനമന്ത്രിയുടെ നടപടിക്ക് പിന്നാലെ യോഗി ആദിത്യനാഥും തന്റെ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം കുറച്ചതായി റിപ്പോർട്ടുണ്ട്.










